Tuesday, June 30, 2009

സർഗ്ഗസംഗീതം

സർഗ്ഗസംഗീതം വയലാർ രാമവർമ്മ
ആരണ്യാന്തരഗഹ്വരോദരതപ‌‌-
സ്ഥാനങ്ങളില്‍ ,സൈന്ധവോ -
ദാര ശ്യാമ മനോഭിരാമ പുളിനോ -
പാന്തപ്രദേശങ്ങളില്‍
ആരന്തര്മുഖമി പ്രപഞ്ചപരിണാ -
മോത്ഭിന്ന സര്ഗ്ഗക്രിയാ -
സാരം തേടിയലഞ്ഞു ;-ണ്ടാവരിലെ
ച്ചൈതന്യമെന് ദർശനം।


മൺ മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർഷാഞ്ചിതാത്മക്കളായ്,
ഹാ മന്വന്തരഭാ‍വശില്പികളെനി-
ക്കെന്നേക്കുമായ്തന്നതാ-
ണോമൽ ക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം,


നാദം ശൂന്യതയിങ്കലാദ്യമമ്രതം
വർഷിച്ചനാളിൽ,ഗതോ-
ന്മാദം വിശ്വപദാർദ
തശാലയോരിട-
ത്തൊന്നായ് തുടിച്ചീടവേ,
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ കാലമേ,
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ പാനപാത്രങ്ങളിൽ!


ഓരോ ജീവകണത്തിനുള്ളിലുമുണർ-
ന്നുദ്ദീപ്തമായ്, ധർമ്മസംസ്-
കാരോപാസനശക്തിയായ്,ചിരതപ-
സ്സങ്കല്പസങ്കേതമായ്,
ഓരോ മാസ്മരലോകമു;-ണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!

വാളല്ലെൻ സമരായുധം,ത്ധണ ത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണവാങ്ങിച്ചു ഞാൻ!
താളം രാഗ ശ്രുതി സ്വരമിവയ്-
ക്കല്ലാതെയൊന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ധങ്ങളിൽ!

ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിൻ
പൊൻ പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ,കവിള-
ത്തൊന്നുമവച്ചീടവെ,
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ച്ചെന്നു ഞാൻ;
നാണത്തിന്റെ കുരുന്നുകൾക്കു നിറയെ-
പ്പാദസ്സരം നൽകുവാൻ!

കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാൽമീകമു;-
ണ്ടോടപ്പുൽക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർനിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽ മഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സനകൾ!


ഞാനിജ്ജാലകവാതിലിൽ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ച്ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ കൊടുങ്കാറ്റുകൾ?


കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും
പൂവും പിടഞ്ഞീടവേ,
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ,മുലപ്പാലുമായ്
പാടം നീന്തിവരുന്ന പ്വർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.




No comments:

Post a Comment